റീൽസിൽ നിന്ന് വെള്ളിത്തിരയിലേക്ക്; ചിദംബരത്തിന്റെ ‘ബാലൻ’ സിനിമയിലെ അമ്മൂമ്മയായി ഡോളി ജൂൺ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നു

24 June 2026
റീൽസിൽ നിന്ന് വെള്ളിത്തിരയിലേക്ക്; ചിദംബരത്തിന്റെ ‘ബാലൻ’ സിനിമയിലെ അമ്മൂമ്മയായി ഡോളി ജൂൺ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നു

തൃശൂർ: ഇൻസ്റ്റഗ്രാം റീൽസുകളിലെ രസകരമായ പ്രകടനങ്ങളിലൂടെ സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായി മാറിയ 76-കാരി ഡോളി ജൂൺ ഇനി വെള്ളിത്തിരയിലെ താരം.

‘മഞ്ഞുമ്മൽ ബോയ്സി’നു ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘ബാലൻ ദി ബോയ്’ എന്ന സിനിമയിലെ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഈ തൃശൂർ കയ്പറമ്പ് സ്വദേശിനി.

കൊച്ചുമകൻ റിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിലൂടെയാണ് ഡോളി ജൂൺ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

അമ്മൂമ്മയുടെ സ്വാഭാവികമായ അഭിനയശൈലിയും കൗണ്ടറുകളും ഇൻസ്റ്റഗ്രാമിൽ തരംഗമായതോടെയാണ് സിനിമാ ലോകത്തേക്ക് വഴിതുറന്നത്.

സിനിമയിൽ തോക്കുമായി മാസ്സ് എൻട്രി നടത്തുന്ന അമ്മൂമ്മയുടെ കഥാപാത്രം ഇതിനകം തന്നെ തീയേറ്ററുകളിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.

മുണ്ടക്കയത്ത് ജനിച്ച്, നിലമ്പൂരിലും പിന്നീട് വിവാഹശേഷം തൃശൂരിലും എത്തിയ ഡോളിയുടെ ജീവിതം ലളിതമായിരുന്നു. ഭർത്താവ് താര ജൂൺ വർഷങ്ങൾക്ക് മുൻപ് അന്തരിച്ചതാണ്.

നിലവിൽ കൊച്ചുമകന്റെ വെള്ളേപ്പം നിർമ്മാണ സംരംഭത്തിൽ സഹായിയായി പ്രവർത്തിക്കുകയാണ് ഇവർ.

ഒരുകാലത്ത് റീൽസ് ചെയ്യുന്നതിൽ നിന്ന് റിയോയെ വിലക്കിയിരുന്ന കുടുംബാംഗങ്ങൾ ഇന്ന് ഡോളി അമ്മൂമ്മയുടെ സിനിമാ നേട്ടത്തിൽ ഏറെ അഭിമാനത്തിലാണ്.

സിനിമ വിജയമായതോടെ നിരവധി പുതിയ അവസരങ്ങളാണ് ഡോളി ജൂണിനെ തേടിയെത്തുന്നത്. എങ്കിലും മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ കൂടെ ഒരു ചെറിയ വേഷമെങ്കിലും ചെയ്യണമെന്ന വലിയൊരു സ്വപ്നവും ഈ 76-കാരി മനസിൽ സൂക്ഷിക്കുന്നുണ്ട്.

അപ്രതീക്ഷിതമായി തേടിയെത്തിയ താരപദവിയുടെയും പ്രേക്ഷക സ്നേഹത്തിന്റെയും സന്തോഷത്തിലാണ് ഡോളി അമ്മൂമ്മ ഇപ്പോൾ.