സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു

24 June 2026
സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു

തിരുവനന്തപുരം: കാലവർഷത്തോടൊപ്പം പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ ശക്തമായ മുന്നറിയിപ്പിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു.

ചൊവ്വാഴ്ച മാത്രം സംസ്ഥാനത്തുടനീളം 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ 295 പേർ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.

ഡെങ്കിപ്പനി ബാധയെത്തുടർന്ന് മലപ്പുറം ജില്ലയിൽ ഒരാൾ മരണപ്പെട്ടു. പാലക്കാട് ജില്ലയിലും ഡെങ്കി ലക്ഷണങ്ങളോടെ ഒരാൾ മരിച്ചിട്ടുണ്ടെങ്കിലും, ഇത് ഡെങ്കിപ്പനി മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പ് ഇതിൽ വിശദമായ പരിശോധന നടത്തിവരികയാണ്.

വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, പനി ബാധിച്ചാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.