ഇരിട്ടി: ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും അദ്ധ്യാപികയുടെ പണവും രേഖകളും അടങ്ങിയ ബാഗ് കവർന്ന പ്രതിയെ പോലീസ് പിടികൂടി. കേളകം ചുങ്കക്കുന്ന് സ്വദേശി പടലോടിയിൽ ജയ്സണെയാണ് (51) കേളകം പോലീസിന്റെ സഹായത്തോടെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം (ജൂൺ 25) വൈകിട്ട് 5.45 ഓടെ ഇരിട്ടി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ടയർ മാറ്റുന്നതിനായി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന വെള്ളരിക്കുണ്ട് – സുൽത്താൻ ബത്തേരി ബസ്സിലെ സീറ്റിലായിരുന്നു മീനങ്ങാടി സ്വദേശിനിയായ അദ്ധ്യാപിക ബാഗ് സൂക്ഷിച്ചിരുന്നത്. ഈ സമയത്താണ് പ്രതി ബാഗുമായി കടന്നുകളഞ്ഞത്.
ബാഗിനുള്ളിൽ പണവും പ്രധാനപ്പെട്ട രേഖകളും അടങ്ങിയ പേഴ്സും ഉണ്ടായിരുന്നു. മോഷണം നടന്ന് മണിക്കൂറുകൾക്കകം തന്നെ ചുങ്കക്കുന്ന് ഭാഗത്തുനിന്നും കേളകം പോലീസിന്റെ സഹായത്തോടെ ഇരിട്ടി പോലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു.

