ഇന്ത്യയിൽ വില കൂട്ടി ആപ്പിൾ

27 June 2026
ഇന്ത്യയിൽ വില കൂട്ടി ആപ്പിൾ

ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പ്രീമിയം ഉൽപ്പന്നങ്ങളുടെ വില കുത്തനെ വർദ്ധിപ്പിച്ച് ആപ്പിൾ. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിലാണ് മാക്ബുക്ക്, ഐപാഡ്, മാക് സ്റ്റുഡിയോ, മാക് മിനി, ഹോംപോഡ്, ആപ്പിൾ ടിവി എന്നിവയുൾപ്പെടെയുള്ള ഡിവൈസുകൾക്ക് കമ്പനി അപ്രതീക്ഷിതമായി വില കൂട്ടിയത്.

ചില അടിസ്ഥാന മോഡലുകൾക്ക് 70,000 രൂപ മുതൽ ഉയർന്ന കോൺഫിഗറേഷനുകളുള്ള പ്രഫഷണൽ മെഷീനുകൾക്ക് ഒന്നിന് ഒരു ലക്ഷം രൂപ വരെയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്.

ആപ്പിൾ തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Apple Intelligence) ഫീച്ചറുകൾ ആഗോളതലത്തിൽ ശക്തമാക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന ഈ വിലക്കയറ്റം.

നിലവിലെ എഐ യുഗത്തിൽ ഉയർന്ന ശേഷിയുള്ള ചിപ്പുകൾക്കായി വലിയ മത്സരമാണ് നടക്കുന്നത്. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ മാത്രമല്ല, ആഗോളതലത്തിലുള്ള വമ്പൻ ഡേറ്റാ സെന്ററുകളും എഐ കമ്പനികളും തമ്മിലാണ് ഈ ചിപ്പുകൾക്കായി മത്സരിക്കുന്നത്.

ഈ കടുത്ത മത്സരം കാരണം ആഗോള വിപണിയിൽ മെമ്മറി ചിപ്പുകൾക്ക് വൻതോതിലുള്ള ദൗർലഭ്യവും അതോടൊപ്പം വിലക്കയറ്റവും ഉണ്ടായിട്ടുണ്ടെന്ന് പ്രമുഖ വ്യവസായ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.