വിപണിയിൽ ചരിത്രമെഴുതാൻ ജിയോ ഐപിഒ

17 June 2026
വിപണിയിൽ ചരിത്രമെഴുതാൻ ജിയോ  ഐപിഒ

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയ്ക്ക് (IPO) കളമൊരുങ്ങുന്നു. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോമും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (NSE) ഈയാഴ്ച തന്നെ തങ്ങളുടെ ഐപിഒയ്ക്കുള്ള കരട് പത്രിക സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 50,000 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

റിലയൻസ് ജിയോ ലക്ഷ്യമിടുന്നത് ഏകദേശം 400 കോടി ഡോളറിന്റെ (ഏകദേശം 33,000 – 40,000 കോടി രൂപ) ഭീമാകാരമായ ഐപിഒയാണ്. ഇത് യാഥാർത്ഥ്യമായാൽ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ വിപണിയിലെ എക്കാലത്തെയും വലിയ ഐപിഒ എന്ന ഖ്യാതി ജിയോ സ്വന്തമാക്കും.

2026-ന്റെ ആദ്യ പകുതിയിൽ ജിയോ ലിസ്റ്റ് ചെയ്യുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, വിപണിയിലെ ചില അനിശ്ചിതത്വങ്ങൾ കാരണം ഈ സമയക്രമത്തിൽ നേരിയ മാറ്റങ്ങൾ വന്നിരുന്നു.റിലയൻസ് ഇൻഡസ്ട്രീസിന്റെ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് (AGM) മുന്നോടിയായി സെബിക്ക് മുൻപാകെ പത്രിക സമർപ്പിച്ചേക്കും.