പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി നിർണ്ണായക ശിക്ഷാവിധി പുറപ്പെടുവിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു.
പ്രതി ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ ശരിവെക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തിലിറങ്ങി ക്രൂരമായ ഈ കുറ്റകൃത്യം ചെയ്ത പ്രതിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
“താൻ ഗാന്ധിയൊന്നുമല്ല, ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ല” എന്ന് പ്രതി കോടതിയിൽ പറഞ്ഞ കാര്യങ്ങളും വിധിയിൽ എടുത്തുപറഞ്ഞു. കൊലപാതകങ്ങൾക്ക് ഇരയായവരുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടായിട്ടില്ലെന്നും, കുറ്റകൃത്യത്തിന് ശേഷം കോടതി നിർദ്ദേശപ്രകാരം കൗൺസലിംഗ് നൽകിയപ്പോഴും ഇയാൾ സമാനമായ രീതിയിലാണ് സംസാരിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൊല്ലപ്പെട്ട സുധാകരന്റെ മുത്തശ്ശിയെക്കൂടി കൊലപ്പെടുത്തിയതിലൂടെ ആ മക്കൾക്ക് അതിജീവിക്കാനുള്ള അവസരമാണ് പ്രതി ഇല്ലാതാക്കിയത്. സുധാകരന്റെ മക്കൾക്ക് ഇയാൾ വലിയൊരു ഭീഷണിയായി തുടരുന്നു.
സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ വധശിക്ഷ നൽകരുതെന്നും, മുൻ കേസ് ഇവിടുത്തെ ശിക്ഷയിൽ പരിഗണിക്കരുതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി.
സമൂഹത്തിന് വലിയ ഭീഷണിയായ കുറ്റവാളികൾക്ക് വധശിക്ഷ നൽകാം എന്ന വിവിധ ഹൈക്കോടതി വിധികൾ മുൻനിർത്തിയാണ് കോടതി ഈ തീരുമാനം എടുത്തത്.


