കോട്ടയം: സിക്കിമിൽ നിർമാണത്തിലിരുന്ന ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ കാണാതായ മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ (43) മൃതദേഹം കണ്ടെത്തി. കോട്ടയം മണർകാട് കൊച്ചുമറ്റം കൂരോത്തുപറമ്പിൽ സ്വദേശിയാണ് അനീഷ്. അപകട സ്ഥലത്തെത്തി ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ (എൻ.എച്ച്.പി.സി) സീനിയർ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. എൻ.എച്ച്.പി.സി ഉദ്യോഗസ്ഥരും നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെയുള്ളവർ തുരങ്കത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു.
തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിനെയും വാതകച്ചോർച്ചയെയും തുടർന്ന് വലിയ തോതിലുള്ള രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് നടന്നുവന്നിരുന്നത്. ഇതുവരെ 20 പേരുടെ മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട അഞ്ചുപേർക്കായി തെരച്ചിൽ തുടരുകയാണ്.

