പിഎസ്‌സി പരീക്ഷാ ക്രമക്കേട്: SIT അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

24 July 2026
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: SIT അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: സംസ്ഥാന പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (SIT). ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

പിഎസ്‌സിയിലെ ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം എടുത്തത്. മൂല്യനിർണയത്തിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകൾ സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് എസ്‌ഐടിയുടെ പ്രധാന ലക്ഷ്യം.

ഒരു ലക്ഷത്തിലേറെ രൂപ പ്രതിമാസ ശമ്പളമുള്ള ഉയർന്ന തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ നിന്ന് 10 ചോദ്യങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതാണ് വിവാദത്തിന് വഴിവെച്ചത്.

ഒന്നാം പേപ്പറിന്റെ ഇക്കണോമിക്‌സ് വിഷയത്തിലെ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താൻ ആരെയും ചുമതലപ്പെടുത്താതിരുന്നത് മനഃപൂർവമാണോ അതോ സാങ്കേതിക അബദ്ധം സംഭവിച്ചതാണോ എന്നാണ് എസ്‌ഐടി പ്രധാനമായും പരിശോധിച്ച് വരുന്നത്.