തൃശൂർ: “എന്നെ ഇവിടെനിന്ന് വിടണം, അല്ലെങ്കിൽ സ്വന്തം നാടായ തമിഴ്നാട്ടിലെ ജയിലിലേക്കെങ്കിലും മാറ്റണം…”— കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിൽ ഉദ്യോഗസ്ഥരോട് പറയാനുള്ളത് ഈ ഒരൊറ്റ കാര്യം മാത്രമാണ്. വിയ്യൂർ അതിസുരക്ഷാ ജയിലിലെ കടുത്ത നിയന്ത്രണങ്ങൾ സഹിക്കാനാകാതെയാണ് ‘എങ്ക ഊരിലെ ജയിൽ’ വേണമെന്ന ആവശ്യവുമായി ഇയാൾ നിരന്തരം അധികൃതരെ സമീപിക്കുന്നത്.
സൗകര്യങ്ങൾ കുറവാണെന്ന് ചൂണ്ടിക്കാട്ടിയും ജയിൽ മോചനം ആവശ്യപ്പെട്ടും ഉദ്യോഗസ്ഥരോട് ഇയാൾ നിരന്തരം വാദിക്കാറുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിപ്പോകാൻ ശ്രമിച്ചതിനെ തുടർന്നാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. അവിടെ പ്രത്യേക സെല്ലിൽ പൂർണ്ണമായും ഒറ്റയ്ക്കാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
കണ്ണൂർ ജയിലിൽ നിന്ന് അഴികൾക്കിടയിലൂടെ പുറത്തു കടക്കാനായി ക്രമാതീതമായി ശരീരഭാരം കുറച്ച ചരിത്രമാണ് ഗോവിന്ദച്ചാമിയുടേത്. ജയിൽ ചാട്ടത്തിനായി അന്ന് 74 കിലോ ഉണ്ടായിരുന്ന ഭാരം പട്ടിണി കിടന്നും മറ്റും 55 കിലോയായി (19 കിലോ) കുറച്ചിരുന്നു. എന്നാൽ, വിയ്യൂരിലെ കർശന നിരീക്ഷണത്തിൽ ജയിൽ ചാട്ടം അസാധ്യമായതോടെ വീണ്ടും ഭാരം വർധിച്ച് ഇപ്പോൾ 75 കിലോയിലെത്തിയിരിക്കുകയാണ്.

