മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ തുറന്ന സ്വയംവിമർശനവുമായി മുതിർന്ന സിപിഐഎം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീർ. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളും അയ്യപ്പസംഗമവും തോൽവിക്ക് പ്രധാന കാരണങ്ങളായെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം കാളികാവിൽ സംഘടിപ്പിച്ച കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷംസീർ.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും തുറന്നുസമ്മതിച്ചു.
തിരിച്ചടിയുടെ കാരണങ്ങൾ വ്യക്തമാക്കി സിപിഐഎം അവലോകന റിപ്പോർട്ട്
വലിയ വിജയപ്രതീക്ഷയിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുപക്ഷത്തിന് നേരിട്ട അപ്രതീക്ഷിത തോൽവിയിൽ പാർട്ടിക്കുള്ളിൽ നിന്നും രൂക്ഷവിമർശനമാണ് ഉയർന്നുവരുന്നത്. ഇതിന് പിന്നാലെ തോൽവിയുടെ കാരണങ്ങൾ വ്യക്തമാക്കുന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടും പുറത്തുവന്നു.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
പാർട്ടി-സർക്കാർ ഏകോപനമില്ലായ്മ: ഭരണത്തിൽ പാർട്ടിക്ക് കൃത്യമായ നിയന്ത്രണമില്ലാതിരുന്നതും നേതാക്കളുടെ പൊതുവേദികളിലെ ജാഗ്രതക്കുറവും തിരിച്ചടിയായി.
ഭരണവിരുദ്ധ വികാരം: സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഉയർന്ന അമർഷവും അഴിമതി ആരോപണങ്ങളും തോൽവിക്ക് ആക്കം കൂട്ടി.
വോട്ടിൽ വൻ ചോർച്ച: പാർട്ടി വോട്ട് വിഹിതത്തിൽ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2021-ലെ 25.38 ശതമാനത്തിൽ നിന്ന് 2026 എത്തുമ്പോൾ വോട്ട് വിഹിതം 21.77 ശതമാനമായി കുറഞ്ഞു. അതേസമയം കോൺഗ്രസ് തങ്ങളുടെ വോട്ട് വിഹിതം 25.12-ൽ നിന്ന് 28.79 ശതമാനമായി ഉയർത്തി.
ഘടകകക്ഷി സമവായം: പി.എം. ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഘടകകക്ഷികളെ പൂർണ്ണമായി വിശ്വാസത്തിലെടുക്കാൻ സാധിച്ചില്ല.
യു.ഡി.എഫ് പ്രചാരണങ്ങൾ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയെയും ലക്ഷ്യമിട്ട് യു.ഡി.എഫ് നടത്തിയ വ്യാജപ്രചാരണങ്ങൾ ജനങ്ങളെ സ്വാധീനിച്ചു. ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ എൽ.ഡി.എഫിനെതിരെ വലതുപക്ഷ ചേരി രൂപീകരിക്കാൻ യു.ഡി.എഫിന് സാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

