കോട്ടയം: സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ചികിത്സയ്‌ക്കെത്തുന്നവർക്ക് മരുന്ന് പോലെ തന്നെ പ്രധാനം ജീവനക്കാരുടെ മാന്യമായ പെരുമാറ്റവുമാണെന്ന് ഓർമ്മിപ്പിച്ച് ആരോഗ്യവകുപ്പ്. രോഗികളോടും ബന്ധുക്കളോടും ചില ജീവനക്കാർ മോശമായി പെരുമാറുന്നുവെന്ന പരാതികൾ പതിവായതോടെയാണ് ഈ പുതിയ നീക്കം.
ആശുപത്രി ജീവനക്കാരുടെ ആശയവിനിമയ ശേഷിയും സേവന മര്യാദകളും മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടിക്ക് ആരോഗ്യവകുപ്പ് രൂപം നൽകിയിട്ടുണ്ട്. പൂർണ്ണമായും രോഗീസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാൽ മെഡിക്കൽ ഓഫീസർമാരെ ഈ നിർബന്ധിത പരിശീലനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അർഹമായ സഹായം നൽകാൻ മടിക്കുക, മോശം വാക്കും പെരുമാറ്റവും, വിവരങ്ങൾ കൃത്യമായി പങ്കുവെക്കാതിരിക്കുക തുടങ്ങിയ പരാതികൾ വ്യാപകമായി ലഭിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇത്തരം പെരുമാറ്റങ്ങൾ രോഗീപരിചരണത്തെ മോശമായി ബാധിക്കുമെന്നു മാത്രമല്ല, സർക്കാർ ആരോഗ്യ മേഖലയോടുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാനും ഇടയാക്കുമെന്നാണ് വിലയിരുത്തൽ.

