കരുനാഗപ്പള്ളി: ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കന്നേറ്റി കായലിൽ കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകൻ ബിലാൽ (12) ആണ് മരിച്ചത്. കന്നേറ്റി കായലിലെ കൊതുക് മുക്കിന് സമീപത്തു നിന്നാണ് തിങ്കളാഴ്ച മൃതദേഹം കണ്ടുകിട്ടിയത്. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യു.പി. സ്‌കൂളിലെ വിദ്യാർത്ഥിയാണ് ബിലാൽ.
കുട്ടി സൈക്കിളിൽ പോകുന്നത് കരുനാഗപ്പള്ളി നഗരസഭയുടെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്ന് ബിലാലിന്റെ സൈക്കിളും വസ്ത്രങ്ങളും ചെരുപ്പും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കായലിൽ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

