“ഞാനും മകളും ഒരു ഹവാല ഇടപാടും നടത്തിയിട്ടില്ല”: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

22 August 2026
“ഞാനും മകളും ഒരു ഹവാല ഇടപാടും നടത്തിയിട്ടില്ല”: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: താനും മകളും കുടുംബവും ഒരു തരത്തിലുമുള്ള ഹവാല ഇടപാടുകളിലും ഏർപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി.

സി.എം.ആർ.എൽ – എക്‌സാലോജിക് ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന കണ്ടെത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മകളായത് കൊണ്ട് മാത്രമാണ് ഇ.ഡിയുടെ ഭാഗത്തുനിന്ന് ഇത്തരം വിചിത്രമായ നടപടികൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ഏതെങ്കിലും കേസിൽ ഇ.ഡി ഇത്തരത്തിൽ പത്രക്കുറിപ്പുകൾ ഇറക്കാറുണ്ടോ എന്ന് ചോദ്യമുന്നയിച്ച പിണറായി വിജയൻ, തനിക്കെതിരെ എന്തും പറയാമെന്ന സമീപനമാണ് ചില മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും ആവശ്യമായ വിവരങ്ങൾ നൽകാൻ വീണയുടെ ഭാഗത്തുനിന്ന് യാതൊരു മടിയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഹവാല ഇടപാടിലും തങ്ങളാരും പങ്കാളികളായിട്ടില്ലെന്ന് തനിക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.