ഏറ്റവും വലിയ ലഹരിവേട്ട: കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച വൻ ലഹരിശേഖരവുമായി മൂന്നുപേർ കോയമ്പത്തൂരിൽ പിടിയിൽ

29 August 2026
ഏറ്റവും വലിയ ലഹരിവേട്ട: കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച വൻ ലഹരിശേഖരവുമായി മൂന്നുപേർ കോയമ്പത്തൂരിൽ പിടിയിൽ

കോയമ്പത്തൂർ: കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം മലപ്പുറം പോലീസ് തകർത്തു. കോയമ്പത്തൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻ എംഡിഎംഎ (MDMA) ശേഖരവുമായി മലപ്പുറം, വയനാട് സ്വദേശികളായ മൂന്ന് പേർ പിടിയിലായി. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കേരളത്തിനകത്തും പുറത്തും വിപുലമായ ശൃംഖലയുള്ള വൻ ലഹരിവിൽപന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു.

ആഴ്ചകൾക്ക് മുൻപ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ പോലീസ് നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎയുമായി ആറുപേർ പിടിയിലായിരുന്നു. ഈ കേസിലെ പ്രതികളെ ലഹരിവിരുദ്ധ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതോടെയാണ് കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. തുടർന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്