സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്നും മാറ്റിയതിൽ പ്രതിഷേധം അറിയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത്

5 September 2026
സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്നും മാറ്റിയതിൽ പ്രതിഷേധം അറിയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് മാറ്റിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ രംഗത്ത്. സർക്കാരിന്റെ ഈ അപ്രതീക്ഷിത തീരുമാനം കണ്ണൂരുകാരെയും കായികപ്രേമികളെയും വലിയതോതിൽ നിരാശപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപനച്ചടങ്ങിലാണ് അടുത്ത മേള കണ്ണൂരിൽ നടക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനും ഡി.ഡി.ഇയും ചേർന്ന് മേളയുടെ പതാക ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽക്കായികമേളയ്ക്കുള്ള പ്രാഥമിക മുന്നൊരുക്കങ്ങളും പ്രവർത്തനങ്ങളും ഇതിനകം ആരംഭിച്ചിരുന്നു.

എന്നാൽ യാതൊരുവിധ ഔദ്യോഗിക അറിയിപ്പുമില്ലാതെ വേദി കോഴിക്കോട്ടേക്ക് മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്ന് ബിനോയ് കുര്യൻ കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് മുൻതീരുമാനം മാറ്റി വേദി മാറ്റേണ്ടി വന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ടിലാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേള നിശ്ചയിച്ചിരിക്കുന്നത്.