ഏഴാം ക്ലാസുകാരിക്ക് ക്രൂരമർദനം: ട്യൂഷൻ അധ്യാപകനെതിരെ കൂടുതൽ പരാതികൾ

13 September 2026
ഏഴാം ക്ലാസുകാരിക്ക് ക്രൂരമർദനം: ട്യൂഷൻ അധ്യാപകനെതിരെ കൂടുതൽ പരാതികൾ

കൊല്ലം: ഏഴാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച ട്യൂട്ടോറിയൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ ഉയരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയായ അധ്യാപകൻ ഒളിവിലാണ്. അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയൽ സ്ഥാപനത്തിലെ അധ്യാപകൻ സുഫിയാനെതിരെയാണ് പരാതികൾ വ്യാപകമാകുന്നത്.

കരുകോൺ സ്വദേശികളുടെ മകളായ ഏഴാം ക്ലാസുകാരിക്ക് ക്രൂരമായ മർദനമേറ്റ സംഭവത്തിൽ കഴിഞ്ഞദിവസമാണ് അഞ്ചൽ പോലീസിൽ പരാതി ലഭിച്ചത്. ട്യൂഷൻ ക്ലാസിൽ പുസ്തകം വായിക്കുന്നതിനിടെ ചില വാക്കുകൾ തെറ്റിച്ചതിന് വിദ്യാർഥിനിയുടെ ഇരുകാലുകളും അധ്യാപകൻ അടിക്കുകയായിരുന്നു.

വൈകിട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ഇരുകാലുകളിലും ആഴത്തിലുള്ള അടിയേറ്റ പാടുകൾ കണ്ടെത്തുകയും ഉടൻ തന്നെ അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് ചോദിക്കാൻ അധ്യാപകനെ ബന്ധപ്പെട്ട മാതാപിതാക്കളോട് ‘പൊലീസിൽ പരാതി കൊടുക്ക്’ എന്ന നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്.

സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഇതേ ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിക്കും മർദനമേറ്റതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ ഒളിവിൽ പോയ പ്രതി സുഫിയാനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.