മട്ടന്നൂരിൽ വൻ കഞ്ചാവ് വേട്ട; പായ്ക്കറ്റുകളിലാക്കിയ 1.600 കിലോ കഞ്ചാവ് പിടികൂടി

18 July 2026
മട്ടന്നൂരിൽ വൻ കഞ്ചാവ് വേട്ട; പായ്ക്കറ്റുകളിലാക്കിയ 1.600 കിലോ കഞ്ചാവ് പിടികൂടി

മട്ടന്നൂർ: എക്സൈസ് സംഘം നടത്തിയ ശക്തമായ പരിശോധനയിൽ മട്ടന്നൂരിൽ വൻ കഞ്ചാവ് വേട്ട. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി രാത്രികാല പെട്രോളിങ് നടത്തുന്നതിനിടെയാണ് ചാവശ്ശേരി പറമ്പ് ഭാഗത്തുനിന്നും 1.600 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

വിപണനത്തിനായി 75 ചെറിയ പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചാവശ്ശേരി പറമ്പ് ഭാഗത്ത് വലിയ അളവിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലോതർ എൽ. പെരേരയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയത്.

തുടർന്ന് ഈ ഭാഗത്തെ വിജനമായ ഒരു ഉപയോഗശൂന്യമായ കെട്ടിടത്തിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പായ്ക്കറ്റുകൾ കണ്ടെടുത്തത്. കഞ്ചാവ് വിൽപ്പനക്കാർക്ക് കൈമാറാൻ പാകത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രമോദ് കെ.പി, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) ജലീഷ് പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ റിനീഷ്‌ ഒ, ജിഷ്ണുരാജ് കെ.ബി, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ രമേഷ് ബാബു എന്നിവരും കഞ്ചാവ് വേട്ട നടത്തിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.