പാലാ: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ നഗരസഭയിലെ യുഡിഎഫ് ഭരണം അവസാനിക്കുകയും ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്താകുകയും ചെയ്തു.
കോൺഗ്രസിലെ നാല് കൗൺസിലർമാരും വൈസ് ചെയർപേഴ്സൺ മായാ രാഹുലും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ഭരണസമിതി വീണത്.
അതേസമയം, മൂന്ന് ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരും രണ്ട് കോൺഗ്രസ് കൗൺസിലർമാരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പുളിക്കകണ്ടം വിഭാഗത്തിലെ കൗൺസിലർമാരും യോഗത്തിന് എത്തിയിരുന്നില്ല.
അവിശ്വാസം പരാജയപ്പെടുത്താൻ, നിലവിൽ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാർക്ക് ജില്ലാ നേതൃത്വം വിപ്പ് നൽകിയിരുന്നു. എന്നാൽ, പുളിക്കകണ്ടം കൗൺസിലർമാരുമായി യോജിച്ചുപോകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഇവർ.
“യുഡിഎഫ് നേതൃത്വത്തിന്റെയും കോൺഗ്രസ് നേതൃത്വത്തിന്റെയും നിർദേശമനുസരിച്ചാണ് ഞങ്ങൾ ഭരിച്ചത്. അതുകൊണ്ടാണ് കോൺഗ്രസിന്റെ ഔദ്യോഗിക പക്ഷം ഞങ്ങൾക്കൊപ്പം നിലയുറപ്പിച്ചത്. കോൺഗ്രസിന്റെ വിമതരാണ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തിരിക്കുന്നത്,”ബിനു പുളിക്കകണ്ടം പ്രതികരിച്ചു.

