കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതിയിൽ വൻ തട്ടിപ്പ്; മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ്, കൊല്ലത്ത് വിജിലൻസ് പരിശോധന ശക്തമാക്കി

26 July 2026
കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതിയിൽ വൻ തട്ടിപ്പ്; മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ്, കൊല്ലത്ത് വിജിലൻസ് പരിശോധന ശക്തമാക്കി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ ‘പ്രിയദർശിനി’ പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക ക്രമക്കേട്. പുരുഷ യാത്രക്കാരിൽ നിന്ന് പൂർണ്ണ തുക വാങ്ങിയ ശേഷം അവർക്ക് സൗജന്യ യാത്രയ്ക്കുള്ള ‘സീറോ വാല്യൂ’ (Zero Value) ടിക്കറ്റുകൾ നൽകിയാണ് ചില ജീവനക്കാർ തട്ടിപ്പ് നടത്തിയത്. ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേട് വ്യക്തമായതിനെ തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് കണ്ടക്ടർമാർക്ക് വിജിലൻസ് വിഭാഗം കാരണം കാണിക്കൽ നോട്ടീസ് നൽകി.

യാത്രക്കാരിൽ നിന്ന് വാങ്ങുന്ന തുക ടിക്കറ്റ് മെഷീനിൽ രേഖപ്പെടുത്താതെ സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു കണ്ടക്ടർമാരുടെ രീതി. അടുത്തിടെ പത്തനാപുരം ഡിപ്പോയിലെ ബസിൽ നടത്തിയ പരിശോധനയിൽ 18 രൂപ ടിക്കറ്റ് നിരക്കിന് പകരം പ്രിയദർശിനി സ്കീമിലെ സീറോ വാല്യൂ ടിക്കറ്റ് നൽകിയതായി കണ്ടെത്തിയിരുന്നു. ഇതിനുപുറമേ, ഇയാളുടെ ബാഗിൽ കണക്കിൽപ്പെടാത്ത 40 രൂപ അധികമായി കണ്ടെത്തുകയും ചെയ്തു

ടിക്കറ്റ് തുക സ്വന്തമാക്കുന്നതിനൊപ്പം ദിവസേനയുള്ള കളക്ഷൻ തുക കൃത്രിമമായി ഉയർത്തിക്കാട്ടി കണ്ടക്ടർമാർ അലവൻസ് (Daily Allowance) തട്ടിയെടുക്കുന്നതായും ആരോപണമുണ്ട്.

പ്രതിദിന കളക്ഷൻ 14,000 രൂപയ്ക്ക് മുകളിൽ കാണിച്ചാൽ ലഭിക്കുന്ന 1 ശതമാനം അധിക ബത്ത. 20,000 രൂപയ്ക്ക് മുകളിൽ കളക്ഷൻ കാണിക്കുമ്പോൾ ലഭിക്കുന്ന 200 രൂപയോളം വരുന്ന പ്രതിദിന ബത്ത.

ഇത്തരം വ്യാജ ടിക്കറ്റുകൾ വഴി കൂടുതൽ കളക്ഷൻ കാണിച്ചാണ് ജീവനക്കാർ നിയമവിരുദ്ധമായി ബത്ത കൈപ്പറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. ഇത് സർക്കാരിനും കെ.എസ്.ആർ.ടി.സിക്കും വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്.

പ്രിയദർശിനി പദ്ധതിക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. തട്ടിപ്പ് വ്യാപകമാണെന്ന സൂചന ലഭിച്ചതോടെ കൊല്ലം ജില്ലയിലെ പ്രിയദർശിനി സർവീസുകളിൽ വിജിലൻസ് ഇൻസ്പെക്ടർമാരുടെ പരിശോധന കർശനമാക്കാൻ വിജിലൻസ് വിഭാഗം നിർദേശം നൽകിയിട്ടുണ്ട്.