പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ക്രൂരമായ ലൈംഗിക ചൂഷണത്തിനിരയായി. പെൺകുട്ടിയുടെ സ്വന്തം അച്ഛൻ ഉൾപ്പെടെ ഏഴുപേർ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ ഏഴ് കേസുകളിലായി ഏഴ് പേരെ പോലീസ് പ്രതി ചേർത്തിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ ഉടമയും, ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. കേസിലെ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.
കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്ന് ആദ്യമായി പീഡനം നേരിടേണ്ടി വന്നത്. ഇയാൾ നിലവിൽ വിദേശത്താണെന്നും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
താൻ നേരിട്ട പീഡനവിവരം കുട്ടി സഹപാഠികളോട് തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഇടപെടുകയും വിഷയം പോലീസിനെ അറിയിക്കുകയുമായിരുന്നു.
നിലവിൽ മലയാലപ്പുഴ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതിൽ ഒരു കേസ് പെരുനാട് പോലീസിന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

