സർക്കാർ ആശുപത്രികളിലെ പേ വാർഡുകൾക്ക് ഇനി വരുമാന പരിധിയില്ല

7 August 2026
സർക്കാർ ആശുപത്രികളിലെ പേ വാർഡുകൾക്ക് ഇനി വരുമാന പരിധിയില്ല

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാക്കാൻ ഇനി വരുമാന പരിധി മാനദണ്ഡമാക്കില്ല. സാമ്പത്തിക നില വ്യത്യാസമില്ലാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഇതുസംബന്ധിച്ച് ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി.

നിലവിൽ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയ്ക്ക് (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) കീഴിലുള്ള പേ വാർഡുകൾ ലഭിക്കണമെങ്കിൽ ഒ.പി ടിക്കറ്റിൽ പ്രതിമാസ വരുമാനം 1600 രൂപയ്ക്ക് മുകളിലായിരിക്കണമെന്ന നിർബന്ധിത വ്യവസ്ഥയുണ്ടായിരുന്നു. പുതിയ തീരുമാനത്തോടെ ഈ നിബന്ധന പൂർണമായും ഒഴിവാകും.

വരുമാനം കുറഞ്ഞവർക്കും ഇനി തടസ്സങ്ങളില്ലാതെ പേ വാർഡ് ബുക്ക് ചെയ്യാം. ഒ.പി ടിക്കറ്റ് എടുക്കുമ്പോൾ വരുമാനം തെറ്റായി രേഖപ്പെടുത്തിയാൽ സൂപ്രണ്ടിനും ലേ സെക്രട്ടറിക്കും അപേക്ഷ നൽകി തിരുത്തേണ്ടിയിരുന്ന ദീർഘമായ നടപടിക്രമങ്ങൾ ഇതോടെ അവസാനിക്കും. അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്കും മറ്റ് രോഗികൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന രീതിയിൽ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ ലളിതമാകും.

കാലങ്ങളായി ജനങ്ങളെ വലച്ചിരുന്ന വലിയൊരു പ്രശ്നത്തിനാണ് ഈ തീരുമാനത്തിലൂടെ പരിഹാരം കാണുന്നതെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. സർക്കാർ ആശുപത്രികളെ കൂടുതൽ ജനസൗഹൃദമാക്കുകയും സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവർക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.