ജില്ലാ-ജനറൽ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനങ്ങൾ; ആറു മാസത്തിനകം നടപ്പിലാക്കാൻ ആരോഗ്യവകുപ്പ് നിർദേശം

23 August 2026
ജില്ലാ-ജനറൽ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനങ്ങൾ; ആറു മാസത്തിനകം നടപ്പിലാക്കാൻ ആരോഗ്യവകുപ്പ് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ – ജില്ലാ ആശുപത്രികളിലും എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാസേവനങ്ങൾ ലഭ്യമാക്കാൻ തീരുമാനമായി. ആറു മാസത്തിനുള്ളിൽ പദ്ധതി പൂർണ്ണമായി നടപ്പാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഏകോപനത്തിനായി ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ ആൻഡ് ട്രെയിനിങ്) കെ.എസ്. ഷിനുവിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. ഓരോ ആശുപത്രിയിലും ആവശ്യമായ മെഡിക്കൽ, നഴ്‌സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെ ആവശ്യകത വിലയിരുത്തി കൃത്യമായ വിന്യാസം ഉറപ്പാക്കാൻ സ്പെഷ്യൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗികൾക്ക് ചികിത്സ, മരുന്ന്, കിടക്ക എന്നിവ അവകാശമായി പ്രഖ്യാപിച്ച് രോഗീസൗഹൃദ ആശുപത്രികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂറും താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നത്.