ആലപ്പുഴ: സംസ്ഥാനത്ത് മഴക്കാലത്തോടൊപ്പം വായുവിലൂടെ പകരുന്ന ഇൻഫ്ലുവൻസ വൈറസ് ബാധ അതിവേഗം പടരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ മാത്രം 604 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 10 പേർ മരണപ്പെടുകയും ചെയ്തു.
ആരോഗ്യവകുപ്പിന്റെ പകർച്ചവ്യാധി പട്ടികയിൽ നിലവിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഇൻഫ്ലുവൻസ മൂലമാണ്. എലിപ്പനി, ഡെങ്കിപ്പനി എന്നിവയെക്കാൾ വേഗത്തിലാണ് സംസ്ഥാനത്ത് ഇപ്പോൾ ഇൻഫ്ലുവൻസ പടർന്നുപിടിക്കുന്നത്.
ഈ വർഷം ഇതുവരെ 6,650 പേർക്കാണ് ഇൻഫ്ലുവൻസ പിടിപെട്ടത്. ഇതിൽ 77 പേർക്ക് ജീവൻ നഷ്ടമായി. പ്രധാനമായും എച്ച്1 എൻ1 (H1N1), എച്ച്3 എൻ2 (H3N2) വിഭാഗങ്ങളിൽപ്പെട്ട വൈറസുകളാണ് ആളുകളെ ബാധിക്കുന്നത്.
കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾക്കൊപ്പം വൈറസുകൾക്ക് സംഭവിച്ച ജനിതകവ്യതിയാനവുമാണ് രോഗവ്യാപനം രൂക്ഷമാക്കിയത്. മഴക്കാലത്ത് മാസ്ക് ധരിക്കാതിരിക്കുന്നതും സാമൂഹിക അകലം പാലിക്കാത്തതും രോഗം വേഗത്തിൽ പടരാൻ കാരണമാകുന്നു.
ലക്ഷണങ്ങൾ:
- എച്ച്1 എൻ1 (H1N1): പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, കടുത്ത ക്ഷീണം. (ആസ്ത്‌മ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവരിൽ രോഗാവസ്ഥ സങ്കീർണ്ണമാകാൻ സാധ്യതയേറെയാണ്).
- എച്ച്3 എൻ2 (H3N2): ചുമ, പനി, ഛർദി, തൊണ്ടവേദന, പേശിവേദന, ശ്വാസംമുട്ടൽ.
തുടർച്ചയായ പനി, നെഞ്ചുവേദന, ആഹാരം കഴിക്കുമ്പോഴുള്ള അസ്വസ്ഥതകൾ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും ശുചിത്വം പാലിക്കുന്നതും രോഗത്തെ പ്രതിരോധിക്കാൻ അത്യാവശ്യമാണ്.

