തിരുവനന്തപുരം: ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി പൊതുജനങ്ങളും സ്ഥാപന ഉടമകളും പാലിക്കേണ്ട നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഔദ്യോഗികമായി റജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്നു മാത്രമേ ഓണാഘോഷ പരിപാടികൾക്കായി പാകം ചെയ്ത ഭക്ഷണം വാങ്ങാവൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം പൂർണമായ ലേബലും വിവരങ്ങളും ഇല്ലാതെ പാക്ക് ചെയ്ത ഭക്ഷണം സംഭരിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
പ്രധാന നിർദേശങ്ങൾ :
ഭക്ഷണപ്പൊതികളിലെ വിവരങ്ങൾ: പാക്ക് ചെയ്ത തീയതി, സമയം, ‘രണ്ടുമണിക്കൂറിനുള്ളിൽ കഴിച്ചിരിക്കണം’ എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് എന്നിവ ഭക്ഷണപ്പൊതികളിൽ ഉണ്ടായിരിക്കണം.
ഫുഡ് ഗ്രേഡ് കണ്ടെയ്നറുകൾ: ഇൻസ്റ്റന്റ് പായസം ഉൾപ്പെടെയുള്ളവ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിൽ മാത്രമേ വിതരണം ചെയ്യാവൂ. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
നിറങ്ങളും എണ്ണയും: ഭക്ഷണത്തിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ചേർക്കുന്നതും, പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതും കുറ്റകരമാണ്.
ശുദ്ധജലവും മെഡിക്കൽ സർട്ടിഫിക്കറ്റും: ഭക്ഷണം പാകം ചെയ്യാനും പാത്രം കഴുകാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ലബോറട്ടറി പരിശോധനയിലൂടെ ഉറപ്പുവരുത്തണം. കൂടാതെ, ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

