തൃശ്ശൂരിന്റെ പാരമ്പര്യ കലാരുപമായ പുലിക്കളിക്കെതിരെ അധിക്ഷേപ പരാമർശവുമായി നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ. പുലിക്കളിയെ “കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം” എന്ന് ഫെയ്സ്ബുക്കിലൂടെ വിശേഷിപ്പിച്ചതാണ് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ഇത്തരം രൂപമാറ്റങ്ങളെ കലയുടെ പേരിൽ ഉപയോഗിക്കുന്നത് ആഭാസമാണെന്നുമാണ് അദ്ദേഹം കുറിച്ചത്. ലോകത്ത് ഒരിടത്തും ഇതുപോലൊരു കലാവൈകൃതം കാണാനാവില്ലെന്നും ഈ ‘കുംഭകുലുക്കിക്കളി’യെയാണോ ശാർദൂലവിക്രീഡിതം എന്ന് വിളിക്കുന്നതെന്നും വി.കെ. ശ്രീരാമൻ തന്റെ പോസ്റ്റിലൂടെ പരിഹസിച്ചു.
എന്നാൽ, ശ്രീരാമന്റെ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പുലിക്കളി സംഘങ്ങളും സാംസ്കാരിക പ്രേമികളും രംഗത്തെത്തി. തൃശൂരിന്റെ സാംസ്കാരിക തനിമയും അനേകം സാധാരണക്കാരായ കലാകാരന്മാരുടെ ജീവനോപാധിയുമാണ് പുലിക്കളിയെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കുന്നു.
സിനിമകളിൽ കഥാപാത്രങ്ങൾക്കു വേണ്ടി ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന നടന്മാരെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും, നാടൻ കലകളെയും കലാകാരന്മാരുടെ ശരീരപ്രകൃതിയെയും അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സോഷ്യൽ മീഡിയയിലൂടെ വിമർശകർ തുറന്നടിച്ചു.

