ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്കായി ആലപ്പുഴയിലെ പുന്നമടക്കായൽ ഒരുങ്ങി. മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം ആകെ 71 വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമാണ് ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ജലമേള പ്രമാണിച്ച് രാവിലെ ഒൻപത് മണി മുതൽ ആലപ്പുഴ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

