ന്യൂഡൽഹി: മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് സഹായവുമായി ഇന്ത്യ. ആദ്യഘട്ടമായി 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അത്യാവശ്യ മരുന്നുകളുമാണ് ഇന്ത്യ നേപ്പാളിലേക്ക് അയച്ചത്. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ (C-130J) വിമാനത്തിലാണ് സഹായങ്ങൾ കാഠ്മണ്ഡുവിൽ എത്തിച്ചത്.
ഈ അടിയന്തിര സഹായങ്ങൾ കാഠ്മണ്ഡുവിൽ എത്തിയതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ സഹായങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കടുത്ത പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നേപ്പാളിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായെ ഫോണിൽ വിളിച്ച് ഉറപ്പുനൽകി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്ന് വ്യക്തമാക്കി.
ഇന്ത്യ നൽകിയ സമയബന്ധിതമായ സഹായത്തിന് നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുടെ സഹായവാഗ്ദാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വത സൗഹൃദബന്ധത്തിന്റെ പ്രതിഫലനമാണെന്നും അതിനെ അഗാധമായി വിലമതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

