കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായി വാരണാസിയിൽ തിരച്ചിൽ നടത്തിയ പൊലീസ് സംഘം തിരികെ മടങ്ങി. ആഴ്ചകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സംഘം മടങ്ങിയത്. വാരണാസിയിൽ പ്രാദേശിക പൊലീസിന്റെയും മലയാളി അസോസിയേഷൻ പ്രവർത്തകരുടെയും സഹായത്തോടെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിദ്യാർത്ഥിയെക്കുറിച്ച് വിവരമൊന്നും കണ്ടെത്താൻ സാധിച്ചില്ല.
മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടുകാർ വഴക്കുപറയുകയും ഫോൺ വാങ്ങി വയ്ക്കുകയും ചെയ്തതിൽ മനംനൊന്താണ് ശിവസൂര്യ കഴിഞ്ഞ മാസം 8-ന് വീട് വിട്ടിറങ്ങിയത്. ‘കാശിയിലേക്ക് പോകുന്നു’ എന്ന് വ്യക്തമാക്കുന്ന കുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു യാത്ര.
സംഭവത്തിൽ ചൊക്ലി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും തുടക്കത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശിലെ വാരണാസിയിലേക്ക് തിരിഞ്ഞത്. ശിവസൂര്യക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

