കണ്ണൂർ: തില്ലങ്കേരിയിൽ 20കാരിയായ ഫിസിയോ തെറാപ്പി വിദ്യാർത്ഥിനി കീർത്തന ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. റിപ്പോർട്ട് ഉടൻ ആഭ്യന്തര വകുപ്പിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും കേസ് പൂർണ്ണമായും ക്രൈംബ്രാഞ്ചിന് വിടണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
മംഗളൂരുവിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥിനിയും തില്ലങ്കേരി സ്വദേശികളായ ലീന-ജഷികുമാർ ദമ്പതികളുടെ മൂത്ത മകളുമായ കീർത്തനയെ ഏപ്രിൽ 30-നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ സഹപാഠിയായ ആദിദേവുമായുള്ള പ്രണയ നൈരാശ്യമാണ് മരണത്തിന് കാരണമെന്നും, മറ്റൊരു പെൺകുട്ടിയുമായി ആദിദേവ് അടുപ്പത്തിലായ വിവരം കൂട്ടുകാരിക്ക് വാട്സ്ആപ്പിൽ സന്ദേശമായി അയച്ച ശേഷമാണ് കീർത്തന ജീവനൊടുക്കിയതെന്നും കുടുംബം പറയുന്നു.
പേരാവൂർ പൊലീസ് ആദിദേവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും, പ്രതി പൊലീസുകാരന്റെ മകനായതിനാൽ അറസ്റ്റ് ചെയ്യാതെ ഒത്തുകളിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനിടെ പ്രതി ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യവും നേടിയിരുന്നു.
കുടുംബം പരാതി നൽകിയതിനെ തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശം ഉയർന്നത്. ഇതിന്റെ ഭാഗമായി കീർത്തനയുടെ വീട്ടുകാരുടെയും ആദിദേവിന്റെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

