ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലുള്ള കോഹാട്ട് ജില്ലയിൽ വെള്ളിയാഴ്ച നമസ്കാരത്തിനിടെയുണ്ടായ ശക്തമായ ചാവേർ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു.56-ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.കൊല്ലപ്പെട്ടവരിൽ 11 സാധാരണക്കാരും അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
കോഹാട്ടിലെ പോലീസ് ലൈൻസ് കോംപ്ലക്സിനുള്ളിൽ സ്ഥിതിചെയ്യുന്ന മസ്ജിദിലാണ് സംഭവം നടന്നത്.സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പോലീസ് ലൈൻസിന്റെ പ്രധാന ഗേറ്റിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ ഒരുഭാഗവും മേൽക്കൂരയും പൂർണ്ണമായി തകർന്നു വീണു. സമീപത്തെ കടകൾക്കും വീടുകൾക്കും വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനായി രക്ഷാപ്രവർത്തകർ സജീവമായി രംഗത്തുണ്ട്.പരിക്കേറ്റവരെ ഉടൻതന്നെ കോഹാട്ടിലെയും സമീപത്തെയും ആശുപത്രികളിലേക്ക് മാറ്റി.

