കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചോയിമഠം ചെറുപുഴയിലാണ് സംഭവം നടന്നത്. പുഴയിൽ അപകടത്തിൽപെട്ട കുട്ടികളുടെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളായ തൊഴിലാളികൾ ഓടിയെത്തുകയായിരുന്നു. ഇവർ ഉടൻ തന്നെ വെള്ളത്തിലിറങ്ങി ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും സനു ഫിയാസിനെ കണ്ടെത്താനായില്ല.
തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി പ്രദേശത്ത് ഏറെനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് സനു ഫിയാസിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

