തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കുന്നതിനും മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനുമായി ആരോഗ്യവകുപ്പ് പുതിയ സർക്കുലർ പുറപ്പെടുവിച്ചു. മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് ലഭ്യമാക്കണമെന്നതാണ് സർക്കുലറിലെ പ്രധാന നിർദേശം. പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും നേരിടുന്ന മരുന്ന് ക്ഷാമത്തിനെതിരെ വൻ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ഈ ഇടപെടൽ.
മരുന്ന് കുറിപ്പടികളിൽ ബ്രാൻഡ് പേരുകൾക്ക് പകരം ജനറിക് പേരുകൾ നിർബന്ധമായും എഴുതണമെന്ന് ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, രോഗനിർണയത്തിനായി ഉപയോഗിക്കുന്ന റീഏജന്റുകളുടെ ലഭ്യത പൂർണ്ണമായി ഉറപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. റീഏജന്റുകളുടെ നിലവിലെ സ്റ്റോക്ക്, നേരിടുന്ന ക്ഷാമം, ഭാവിയിലേക്കുള്ള ആവശ്യകത എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഓരോ രണ്ടാഴ്ച കൂടുമ്പോഴും സമർപ്പിക്കണം.
ലാബുകളിൽ റീഏജന്റുകളുടെ അടിയന്തര ക്ഷാമം നേരിടുകയാണെങ്കിൽ, ആശുപത്രി വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ച് അവ ഉടനടി വാങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

