ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചയാൾ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, 4 പേർ ചികിത്സയിൽ

22 June 2026
ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചയാൾ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, 4 പേർ ചികിത്സയിൽ

കോട്ടയം: കുമരകത്തിന് സമീപം പരിപ്പിലെ പ്രശസ്തമായ ‘തൊള്ളായിരം ഷാപ്പി’ൽ നിന്ന് കള്ളും ഭക്ഷണവും കഴിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (39) ആണ് മരണപ്പെട്ടത്. ജ്യോതിഷിനൊപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കളെ കടുത്ത ശാരീരിക അസ്വസ്ഥതകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

സുഹൃത്തുക്കളായ ഏഴുപേരടങ്ങുന്ന സംഘമാണ് പരിപ്പിലെ ഷാപ്പിൽ ഒരുമിച്ച് എത്തിയത്. ഇവിടെ നിന്നും കള്ളും മീൻ കറികളും ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളും ഇവർ കഴിച്ചിരുന്നു. തുടർന്ന് മീൻ വിഭവങ്ങൾ കഴിച്ച അഞ്ചുപേർക്കാണ് ആദ്യം ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.

ശാരീരിക അസ്വസ്ഥതകൾ കൂടിയതിനെ തുടർന്ന് ജ്യോതിഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സുഹൃത്തുക്കളായ അഖിൽ, സുജിത്ത്, നിഖിൽ, ഗിരീഷ് എന്നിവരാണ് നിലവിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.