കണ്ണൂർ: ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കാണ് രോഗം ബാധിച്ചത്. നിലവിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
പ്രദേശത്ത് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ കൂത്തുപറമ്പ് എംഎൽഎ പി. കെ. പ്രവീണിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരും. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ യോഗത്തിൽ ചർച്ച ചെയ്യും. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം കർശന നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഷിഗെല്ല ആശങ്ക തുടരുന്നു
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തൃശൂരിൽ പനി ബാധിച്ച് മരിച്ച മാപ്രാണം സ്വദേശിയായ 43 കാരന് ഷിഗെല്ല ബാധിച്ചതായി തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കൊടകരയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം. ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 110-ലധികം പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്.
ശുദ്ധമല്ലാത്ത കുടിവെള്ളം, ആഹാരം, ശുചിത്വമില്ലായ്മ എന്നിവയിലൂടെയാണ് ഷിഗെല്ല ബാക്ടീരിയ പകരുന്നത് എന്നതിനാൽ പൊതുജനങ്ങൾ വ്യക്തിശുചിത്വത്തിലും ഭക്ഷണ കാര്യങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിച്ചു.

