തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുണർത്തി ഷിഗെല്ല രോഗബാധ പടരുന്നു. ഇന്ന് (ശനിയാഴ്ച) 13 പേർക്ക് കൂടി സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചു.
രോഗബാധയുടെ ജില്ല തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ കേസുകൾ കോഴിക്കോട് ജില്ലയിലാണ് സ്ഥിരീകരിച്ചത്; നാല് പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ രണ്ട് പേർക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിൽ ഒരാൾക്കാണ് ഇന്ന് രോഗബാധ റിപ്പോർട്ട് ചെയ്തത്.
മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഈ ജൂൺ മാസത്തിൽ മാത്രം 133 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. ഈ ഹ്രസ്വകാലയളവിനുള്ളിൽ അഞ്ച് പേർ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു.
നിലവിലെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിലാണ്.

