നിപയിൽ ആശ്വാസം: സമ്പർക്കപ്പട്ടികയിലുള്ളവർ ക്വാറന്റൈൻ പൂർത്തിയാക്കി

30 June 2026
നിപയിൽ ആശ്വാസം: സമ്പർക്കപ്പട്ടികയിലുള്ളവർ ക്വാറന്റൈൻ പൂർത്തിയാക്കി

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിക്ക് ആശ്വാസം. കോഴിക്കോട് സ്ഥിരീകരിച്ച നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

കൃത്യമായ രോഗനിർണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയമാണിതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കൺടൈൻമെന്റ് സോൺ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാതെ, ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസ്സപ്പെടുത്താതെ തന്നെ രോഗം പൂർണ്ണമായി നിയന്ത്രിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി മന്ത്രി ചൂണ്ടിക്കാട്ടി.

രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിന് മുൻപ് കണ്ടെത്താൻ കഴിഞ്ഞതും, സമയബന്ധിതമായി കൃത്യതയോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി നിരീക്ഷണം ഏർപ്പെടുത്തിയതുമാണ് വലിയൊരു രോഗവ്യാപനം തടയാൻ സഹായിച്ചത്. ഇതിനായി മാതൃകാപരമായി പ്രവർത്തിച്ച ജില്ലാ ഭരണകൂടത്തെയും കോഴിക്കോട്ടെ ആരോഗ്യ പ്രവർത്തകരെയും മന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു.

നിപ ബാധിതനായ വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്. എന്നാൽ വലിയ ആശ്വാസമായി, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എടുത്ത അദ്ദേഹത്തിന്റെ രണ്ട് സ്രവസാമ്പിളുകളുടെ (Fluid samples) പരിശോധനാ ഫലവും നെഗറ്റീവ് ആയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തുടർചികിത്സാ കാര്യങ്ങൾ പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും.