ന്യൂയോർക്ക്: ആന്റിബയോട്ടിക് മരുന്നുകളെ ചെറുത്തുനിൽക്കുന്ന സൂക്ഷ്മജീവികളെ (Superbugs) നശിപ്പിക്കാൻ ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് 16 ജൈവ വൈറസുകൾ വികസിപ്പിച്ചെടുത്ത് ഗവേഷകർ.
യുഎസിലെ പ്രശസ്തമായ സ്റ്റാൻഫഡ് സർവകലാശാല, ആർക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ നടത്തിയ ഈ കണ്ടെത്തൽ ‘ഫേജ് തെറപ്പി’ (Phage Therapy) എന്ന വൈദ്യശാസ്ത്ര മേഖലയിൽ വൻ വഴിത്തിരിവാകും.
ബാക്ടീരിയകളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന ‘ബാക്ടീരിയഫേജ്’ (Bacteriophage) വിഭാഗത്തിൽപ്പെടുന്നവയാണ് ഈ കൃത്രിമ വൈറസുകൾ. അതിനാൽ പനി, കോവിഡ് തുടങ്ങിയവ പരത്തുന്ന വൈറസുകളെപ്പോലെ ഇവ മനുഷ്യശരീരത്തെ ആക്രമിക്കില്ല.
ദശലക്ഷക്കണക്കിന് ജീവികളുടെ ജനിതക ഘടനയും (Genetic Data) വിവരങ്ങളും വിശകലനം ചെയ്യാൻ ശേഷിയുള്ള ഇവോ 1 (Evo 1), ഇവോ 2 (Evo 2) എന്നീ രണ്ട് ഉയർന്ന ശേഷിയുള്ള എഐ മോഡലുകളാണ് ഇവയുടെ നിർമ്മിതിക്കായി ഉപയോഗിച്ചത്.
വൈദ്യശാസ്ത്ര രംഗത്ത് ഇതൊരു വലിയ മുന്നേറ്റമാണെങ്കിലും, ഇതിന്റെ മറുവശത്തെക്കുറിച്ചുള്ള ആശങ്കകളും ആഗോളതലത്തിൽ സജീവമായിട്ടുണ്ട്. ഈ സാങ്കേതികവിദ്യ നാളെ തെറ്റായ കൈകളിൽ എത്തിയാൽ ജൈവായുധങ്ങളായി മാറുമോ എന്ന വലിയൊരു ആശങ്കയും ഇതിനൊപ്പം ഉയരുന്നുണ്ട്.

