കൊല്ലം: ചിന്നക്കടയിൽ എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിനിടെ അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളെക്സ് ബോർഡ് വലിച്ചുകീറിയ സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ രംഗത്ത്. കോൺഗ്രസിന്റെ ഫ്ളക്സ് ബോർഡാണെന്ന് തെറ്റിദ്ധരിച്ചാണ് താൻ അത് വലിച്ചുകീറിയതെന്നും തനിക്ക് വലിയ തെറ്റുപറ്റിയെന്നും വ്യക്തമാക്കുന്ന വീഡിയോ സന്ദേശമാണ് അക്ബർ ഷാ പുറത്തുവിട്ടത്.
പ്രകടനത്തിനിടെ ഫ്ളെക്സ് ബോർഡ് വലിച്ചുകീറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ ഇടതുപക്ഷത്തിനെതിരെ യു.ഡി.എഫ് പ്രവർത്തകർ ഇത് വലിയ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. എന്നാൽ, വിഷയത്തിൽ നേരത്തെ പ്രതികരണവുമായി എത്തിയ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി, പ്രകടനത്തിലേക്ക് ഓടിക്കയറിയ ആളാണ് ഫ്ളക്സ് വലിച്ചുകീറിയതെന്നും സംഘടനയ്ക്ക് ഇതിൽ പങ്കില്ലെന്നും വിശദീകരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് സംഭവത്തിൽ ഉൾപ്പെട്ട അക്ബർ ഷാ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്. താൻ എസ്.എഫ്.ഐ-ഡിവൈഎഫ്ഐ എന്നിവയുടെ പ്രവർത്തകൻ തന്നെയാണെന്ന് പറഞ്ഞ അക്ബർ ഷാ അബദ്ധവശാൽ സംഭവിച്ച തെറ്റാണെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.

