ന്യൂഡൽഹി: നേപ്പാളിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള പ്രധാനമന്ത്രി ബലെൻ ഷായുടെ കാഴ്ചപ്പാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. നേപ്പാളിന്റെ വികസന യാത്രയിൽ ഇന്ത്യ എന്നും വിശ്വസ്ത പങ്കാളിയായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തിങ്കളാഴ്ച ന്യൂഡൽഹിയിൽ ഇരുനേതാക്കളും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്കുശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.
കഴിഞ്ഞ മാർച്ചിൽ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ബലെൻ ഷാ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വികസന സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
നേപ്പാളിന്റെ പുനർനിർമാണത്തിനും ദീർഘകാല വികസനത്തിനുമായി 24,000 കോടി നേപ്പാളീസ് രൂപയുടെ (15,000 കോടി ഇന്ത്യൻ രൂപ) വികസന-സഹകരണ പാക്കേജും മോദി പ്രഖ്യാപിച്ചു. നിർണായക മേഖലകളിലെ സഹകരണം വിപുലമാക്കുന്നതിലൂടെ ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.

